
പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയ വിവരം ലോകത്തെ അറിയിച്ച വനിതാ സൈനിക ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ ജനമനസുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നീ വനിതാ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ, ഒരു വനിതാ സൈനിക ഉദ്യോഗസ്ഥ വിമാനം പറത്തുന്ന ദൃശ്യം സോഫിയ ഖുറേഷി ആണെന്ന രീതിയില്‍ ഇപ്പോള്‍ വൈറലാണ്.
"ഓപ്പറേഷന്‍ സിന്ദൂരിന് നേതൃത്വം നല്‍കിയ രാജ്യത്തിന്റെ മകള്‍ #കേണല്‍ #സോഫിയ ഖുറേഷി ഹൃദയത്തില്‍ നിന്ന് ബിഗ് സല്യൂട്ട്?... ????.. ????????????????????
ഇന്ത്യയുടെ, പതാക ലോകത്തിന്റെ നെറുകയില്‍.... എന്നും ഉയര്‍ന്നു തന്നെ നില്‍ക്കട്ടെ." എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് താഴെ കാണാം.
എന്നാല്‍, വൈറല്‍ വീഡിയോയില്‍ വിമാനം പറത്തുന്ന സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷി അല്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. യുഎസ് എയര്‍ഫോഴ്‌സിലെ മേജര്‍ ക്രിസ്റ്റീന്‍ 'ബിയോ' വോള്‍ഫ് ആണ് വീഡിയോയിലുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്
അന്വേഷണം
വൈറല്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അതിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോം ഇന്ത്യന്‍ സേനയിലേതില്‍ നിന്ന് വ്യത്യസ്ഥമാണെന്ന് മനസിലാക്കാനായി. മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റി ">വാര്‍ത്താസമ്മേളനം നടത്താന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ്, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് പങ്കെടുത്തതെന്ന വിവരം റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. കേണല്‍ സോഫിയ ഖുറേഷി വ്യോമസേനയുടെ ഭാഗമല്ല, മറിച്ച് അവര്‍ കരസേനയിലെ ഉദ്യോഗസ്ഥയാണ്. ഇതില്‍ നിന്ന് വൈറല്‍ വീഡിയോയിലുള്ളത് സോഫിയ ഖുറേഷി ആല്ലെന്ന് വ്യക്തമായി.
വീഡിയോയിലെ വനിതാ പൈലറ്റ് ആരാണ്?
വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ spencerhughes2255 എന്ന യൂട്യൂബ് ചാനലില്‍ സമാനമായ വീഡിയോ കണ്ടെത്താനായി. 2021 സെപ്റ്റംബര്‍ 20ന് പങ്കുവച്ചിട്ടുള്ള ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നത് റെനോ എയര്‍ റേസിന്റെ ഭാഗമായി F35A യുദ്ധവിമാനം പറത്തുന്ന ദൃശ്യമെന്നാണ്. യുഎസിലെ പ്രശസ്തമായ എയര്‍ റേസുകളില്‍ ഒന്നാണ് റെനോ എയര്‍ റേസ്. വിമാനം പറത്തുന്ന വനിതാ പൈലറ്റ് മേജര്‍ ക്രിസ്റ്റീന്‍ 'ബിയോ' വോള്‍ഫ് (Kristin 'Beo' Wolfe)ആണെന്ന് വീഡിയോയില്‍ വിവരിക്കുന്നുണ്ട്. യുട്യൂബ് വീഡിയോ ചുവടെ കാണാം.
റെനോ എയര്‍ റേസിനെപ്പറ്റി കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ നിരവധി യുട്യൂബ് വീഡിയോകള്‍ ലഭ്യമായി. യുഎസിലെ നെവാഡയിലാണ് റെനോ എയര്‍ റേസ് വര്‍ഷം തോറും നടക്കുന്നത്. വൈറല്‍ വീഡിയോയിലുള്ള അതേ വനിതാ പൈലറ്റ് F-35A വിമാനത്തിന്റെ സവിശേഷതകളെപ്പറ്റി വിശദമാക്കുന്ന വീഡിയോയും ഇതിലുണ്ട്.
തുടര്‍ന്ന്, മേജര്‍ ക്രിസ്റ്റീന്‍ 'ബിയോ' വോള്‍ഫിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ യുഎസ് വ്യോമസേനയുടെ വെബ്സൈറ്റില്‍ അവരുടെ ബയോ കണ്ടെത്തി. ഇതിലുള്ള ഫോട്ടോയുമായി താരതമ്യം ചെയ്തപ്പോള്‍ വൈറല്‍ വീഡിയോയിലുള്ള ഉദ്യോഗസ്ഥ തന്നെയാണ് മേജര്‍ ക്രിസ്റ്റീന്‍ വോള്‍ഫ് എന്ന് വ്യക്തമായി. മേജര്‍ ക്രിസ്റ്റീന്‍ വോള്‍ഫിന്റെയും കേണല്‍ സോഫിയ ഖുറേഷിയുടെയും ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം ചുവടെ കാണാം.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വീഡിയോയിലുള്ളത് ഇന്ത്യന്‍ കരസേനയിലെ ഉദ്യോഗസ്ഥയായ കേണല്‍ സോഫിയ ഖുറേഷി അല്ലെന്നും യുഎസ് എയര്‍ഫോഴ്‌സിലെ പൈലറ്റ് മേജര്‍ ക്രിസ്റ്റീന്‍ 'ബിയോ' വോള്‍ഫ് ആണെന്നും വ്യക്തമായി.
ഇന്‍പുട്ട് : റിദ്ധിഷ് ദത്ത, കൊല്‍ക്കത്ത
ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി വിവരിച്ച കേണല്‍ സോഫിയ ഖുറേഷി യുദ്ധവിമാനം പറത്തുന്ന വീഡിയോ.
വൈറല്‍ വീഡിയോയിലുള്ളത് കേണല്‍ സോഫിയ ഖുറേഷി അല്ല. യുഎസ് എയര്‍ഫോഴ്‌സിലെ വനിതാ പൈലറ്റ് മേജര്‍ ക്രിസ്റ്റീന്‍ 'ബിയോ' വോള്‍ഫ് റെനോ റേസില്‍ പങ്കെടുക്കുന്ന വീഡിയോയാണിത്.